Friday, April 17, 2015

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകുന്നത്‌ തടയാം

കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വെള്ളം കുടി കുറയുന്നതും ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതുമാണ്‌ കിഡ്‌നി സ്‌റ്റോണിന്‌ പ്രധാന കാരണങ്ങള്‍. ചൂട്‌ കൂടുതലുള്ള കാലാവസ്‌ഥയില്‍ വെള്ളം ധാരാളം കുടിക്കണം. കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ദിവസവും മൂന്ന്‌ ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ചു വേനല്‍ക്കാലത്തു ഇത്‌ വളരെയധികം ശ്രദ്ധിക്കണം.
2. മൂത്രമൊഴിക്കണമെന്ന്‌ ശങ്ക തോന്നിയാല്‍ പിടിച്ചു വയ്‌ക്കരുത്‌. ഉടന്‍ മൂത്രം ഒഴിക്കണം.
3. വാളന്‍പുളി കറികളിലും മറ്റും ധാരാളമായി ചേര്‍ത്ത്‌ കഴിക്കുന്നത്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
4. അമിതവണ്ണമുള്ളവര്‍ക്ക്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ വണ്ണം കുറയ്‌ക്കുക.
5. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ നല്ലതാണ്‌. ഇതില്‍ പൊട്ടാസ്യത്തിന്റെ അളവ്‌ കൂടുതലായതിനാല്‍ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
6. വൃക്കയില്‍ കല്ലുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. ഇതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മൂത്രച്ചുടീല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
7. ബാര്‍ലി വെള്ളം കുടിക്കുന്നത്‌ മൂത്രത്തില്‍ കല്ല്‌ വരാനുള്ള സാധ്യത കുറയ്‌ക്കും. മൂത്രച്ചുടീലിനുള്ള സാധ്യത കുറച്ചു നിര്‍ത്താനും ഇതിലൂടെ കഴിയും.
8. പഴവര്‍ഗങ്ങളില്‍ പൈനാപ്പിളാണ്‌ കല്ലിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമം. പൈനാപ്പിളിലുള്ള ചില എന്‍സൈമുകള്‍ വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്‌.
9. ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്‌. ഇതില്‍ വിറ്റാമിന്‍ ബി 6 ധാരാളമായി അടങ്ങിയിരിക്കുന്നു. ഫോസ്‌ഫോറിക്‌ ആസിഡിന്റെ അളവ്‌ കുറച്ച്‌ ഓക്‌സലേറ്റ്‌ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ കുറയ്‌ക്കും.
10. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിഡ്രേറ്റ്‌ കാത്സ്യം ഓക്‌സലേറ്റ്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത തടയും.
11. മുതിരയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
12. പാവയ്‌ക്ക മഗ്നീഷ്യം ഒക്കെ അടങ്ങിയിരിക്കുന്നതിനാല്‍ കല്ലുകളെ തടയാന്‍ ഫലപ്രദമാണ്‌.

ഒഴിവാക്കേണ്ട ആഹാരസാധനങ്ങള്‍

1. കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ പച്ചചീര, കാബേജ്‌, നട്‌സ്, ചോക്കലേറ്റുകള്‍, ചായ, കാപ്പി, ഇറച്ചി, മീന്‍, മുട്ട ഇവ അമിതമായി കഴിക്കരുത്‌. ചായയും കാപ്പിയും ഒരു ദിവസം രണ്ടു ചെറിയ കപ്പ്‌ മാത്രം കുടിക്കുക.
2. യൂറിക്‌ ആസിഡ്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇറച്ചി, മീന്‍, മുട്ട, കരള്‍ കോളിഫ്‌ളവര്‍ എന്നിവ കൂടുതലായി ഉപയോഗിക്കരുത്‌.
3. കോളയില്‍പോലുള്ള ശീതളപാനീയങ്ങളില്‍ ഫോസ്‌ഫോറിക്‌ ആസിഡിന്റെ അളവ്‌ കൂടുതലാണ്‌. ഇത്‌ വൃക്കയിലെ കല്ലിന്‌ കാരണമാകാം.
4. സിട്രിക്‌ ആസിഡ്‌ സ്‌റ്റോണുള്ളവര്‍ തക്കാളി കഴിക്കരുത്‌. ഇതില്‍ അത്യാവശ്യമെങ്കില്‍ കുരു നീക്കം ചെയ്‌തു തക്കാളി കഴിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ തക്കാളി കഴിക്കുന്നത്‌ കല്ല്‌ വീണ്ടും വരാനുള്ള സാധ്യത കുറയ്‌ക്കും.
5. അമിതമായി ഉപ്പ്‌ അടങ്ങിയ സാധനങ്ങള്‍ കുറയ്‌ക്കുക.
6. കറുത്ത മുന്തിരിയിലും ഓക്‌സലേറ്റിന്റെ അളവ്‌ കൂടുതലാണ്‌. അതിനാല്‍ ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ ഇത്‌ ഒഴിവാക്കണം.
7. നെല്ലിക്ക ഓക്‌സലേറ്റ്‌ സ്‌റ്റോണുള്ളവര്‍ ഒഴിവാക്കുക.
8. മത്തങ്ങ, കൂണ്‍, വഴുതനങ്ങ ഇവയില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടുതലാണ്‌.
9. എള്ളില്‍ ഓക്‌സലേറ്റിന്റെ അളവ്‌ കൂടുതലാണ്‌.
10. പാലില്‍ കാത്സ്യത്തിന്റെ അളവ്‌ കൂടുതലാണെങ്കിലും അത്‌ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. കാത്സ്യം കല്ലുള്ള ഒരാള്‍ക്ക്‌ ഒരു ദിവസം ഒരു ഗ്ലാസ്‌ പാല്‍ കുടിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല.
11. അമിതമായി ഇറച്ചി കഴിക്കുന്നവരില്‍ മൂത്രാശയ കല്ലിനുള്ള സാധ്യത കൂടുതലാണ്‌.

No comments:

Post a Comment