Thursday, April 16, 2015

ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌

ഹെഡ്ഫോണുകള്‍ തരംഗമായി കഴിഞ്ഞു. എഫ് എം റേഡിയോയും മൊബൈല്‍ ഫോണുകളും ഒക്കെ ജന ഹൃദയങ്ങളില്‍ ഇടം നേടിയതോടെ ഹെഡ്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവും കൂടി. എന്നാല്‍, ഹെഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അത്ര സുഖകരമല്ലാത്ത കാര്യമാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഹെഡ് ഫോണ്‍ ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവരില്‍ കേള്‍വിക്കുറവ് അനുഭവപ്പെടുമെന്ന് പഠനം. മൈസൂരിലെ ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മൊബൈലില്‍ നിന്നോ മറ്റോ ഹെഡ് സെറ്റ് വഴി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നത് ശീലമാക്കിയ പുതിയ തലമുറയെ കേള്‍വി പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. മൈസൂരിലെ 3000 യുവാക്കളില്‍ നടന്ന പരിശോധനയില്‍ 68 ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ എട്ടു ശതമാനത്തിന് കാലക്രമേണ കേള്‍വി ശക്തി തന്നെ നഷ്ടപ്പെടുന്നതായും പഠനം തെളിയിക്കുന്നു. ഈ ശീലം കാരണം ഏഴ് ശതമാനം പേരില്‍ അസ്വസ്ഥതയും, 4.5 ശതമാനത്തിന് ഇടക്കുള്ള കേള്‍വി തടസ്സവും, 9.7 ശതമാനം ആളുകള്‍ക്ക് ചെവിയില്‍ മുഴക്കവും 5.6 ശതമാനത്തിന് ചെവിയില്‍ ഭാരം അനുഭവപ്പെടുന്നതായും പറയുന്നു. കൂടാതെ 13.4 ശതമാനം ആളുകള്‍ക്ക് ഹെഡ് ഫോണ്‍ വഴി പാട്ടുകേട്ടു കഴിഞ്ഞാല്‍ ശക്തമായ തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇവരുടെ അകചെവിയിലെ ക്ലോക്കിയയെയാണ് ആദ്യം പ്രശ്‌നം ബാധിക്കുന്നത്. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നവര്‍ക്കും ഇത് തന്നെയാണ് അനുഭവമെന്നും ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിലെ ഗവേഷകര്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം ഹെഡ് ഫോണ്‍ വഴി നേരിട്ട് ചെവിയുടെ ഉള്ളിലെത്തുന്നതിനാല്‍ അത് ശ്രവണശക്തിയെയും ചെവിക്കുള്ളിലെ നാഢീഞരമ്പുകളെയും സാരമായാണ് ബാധിക്കുന്നത്. കുറഞ്ഞ അളവില്‍ കുറച്ചു സമയം മാത്രം പാട്ടുകേള്‍ക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും ഈ ശീലം കാരണം ശ്രവണശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഇത് ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും പഠനം വ്യക്തമാക്കുന്നു.

No comments:

Post a Comment