തലയുണ്ടായാല്‍ പോരാ, തലച്ചോറ് വേണം. ഓര്‍മയും ബുദ്ധിയും ചിന്താശേഷിയുമുണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ കഴിയൂ. അപ്പോള്‍ ഓര്‍മശക്തി കൂട്ടാനെന്തു ചെയ്യും? ഒരു പണിയുമെടുക്കാതെ മടിപിടിച്ചിരിക്കുന്ന തലച്ചോറിന് എന്തെങ്കിലും പണികൊടുത്ത് ഉദ്ദീപിപ്പിക്കണം. തലച്ചോര്‍ അഥവാ മസ്തിഷ്‌കത്തെ ഉപയോഗിച്ചാല്‍ മാത്രമേ ബുദ്ധിവികസിക്കൂ, ഇതിനൊപ്പം തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന രൂചിക്കൂട്ടുകള്‍ കൂടിയായാലോ? ദൈനംദിന ഭക്ഷണത്തില്‍ രുചിയുടെ രസക്കൂട്ടുകളായി മാത്രം നാം കാണുന്ന ഈ ഔഷധങ്ങള്‍ക്ക് നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒട്ടനവധി ഗുണങ്ങളുണ്ട്. ഇവയില്‍ പലതും ഉഗ്രന്‍ ആന്റി- ഓക്‌സിഡന്റുകളാണ്. ഈ സുഗന്ധ ദ്രവ്യങ്ങളിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് പ്രായാധിക്യം മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കഴിയും. രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാനും രുചിയുടെ ഈ രാജാക്കന്മാര്‍ക്ക് കഴിവുണ്ട്.
കര്‍പ്പൂരതുളസി
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി - ഓക്‌സിഡന്റുകളുടെ മറ്റൊരു കലവറയാണ് കര്‍പ്പൂരത്തുളസി. കര്‍പ്പൂരത്തുളസിക്കും അള്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മസ്തിഷ്‌കകോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ബീറ്റ- അമിലോയിഡിനെ ചെറുക്കാനും കര്‍പ്പൂരത്തുളസിയിലടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ക്ക് കഴിയും. മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും ബുദ്ധിശക്തികൂട്ടാനും കര്‍പ്പൂരത്തുളസിക്ക് കഴിവുണ്ട്. നാട്ടില്‍ അപൂര്‍വമായി കാണപ്പെടുന്ന കര്‍പ്പൂരതുളസിയെ നമ്മുടെ പൂന്തോട്ടത്തില്‍ വെച്ചുപിടിപ്പിച്ചാല്‍ സുഗന്ധവ്യഞ്ജനമായി ആഹാരത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
റോസ്‌മെറി
കൂര്‍ത്ത ഇലകളുള്ള ഒരിനം സുഗന്ധച്ചെടിയാണിത്. മസ്തിഷ്‌ക കോശങ്ങളെ സമ്മര്‍ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റി- ഓക്‌സിഡന്റുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍നോസിക് ആസിഡ് അടങ്ങിയ ഔഷധച്ചെടികൂടിയാണ് റോസ്‌മെറി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുമുണ്ട്. റോസ്‌മെറിയുടെ സുഗന്ധം വിദ്യാര്‍ഥികളുടെ നാഡിമിടിപ്പ് കുറച്ച് ഉത്കണ്ഠ ഒഴിവാക്കുമെന്ന് വിദേശ സര്‍വകലാശാലകളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവയുടെ സുഗന്ധത്തിന് ഓര്‍മശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
മഞ്ഞള്‍
പണ്ടുകാലങ്ങളില്‍ നാട്ടില്‍പുറങ്ങളില്‍ ശരീരസൗന്ദര്യത്തിനായി പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന മഞ്ഞള്‍ നല്ലൊരു ഔഷധം കൂടിയാണ്. നിറവും തിളക്കം കിട്ടാനും കൂട്ടാനും അരച്ച് മുഖത്തിടുന്ന മഞ്ഞളിന് നമ്മുടെ അടുക്കളകളിലും വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിന് മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. കുര്‍ക്കുമില്‍ ഉഗ്രനൊരു ആന്റി-ഓക്‌സിഡന്റ് കൂടിയാണ്. അല്‍ഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് എന്ന പദാര്‍ഥം അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിന് കഴിവുണ്ടെന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. മലയാളികളുടെ ഭക്ഷണ ക്രമത്തിലെ സജീവസാന്നിധ്യമായ മഞ്ഞളിനെ സൗന്ദര്യ വര്‍ധക വസ്തുവെന്ന നിലയില്‍ നിന്ന് ആരോഗ്യ സംരക്ഷണ ഔഷധമെന്ന നിലയിലേക്ക് സ്ഥാനക്കയറ്റം കൊടുക്കേണ്ട സമയമായി.
കറുവപ്പട്ട
പ്രമേഹരോഗികളുടെ സുഹൃത്താണ് കറുവപ്പട്ട. ശരീരത്തിലെ ഇന്‍സുലിന്‍ ക്രമീകരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക് ശേഷിയുണ്ട്. അതുപോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ് കുറയ്ക്കാനും കറുവപ്പട്ടയ്ക്ക് കഴിവുണ്ട.് നല്ലൊരു ആന്റി- ഓക്‌സിഡന്റ് ദാതാവ് കൂടിയാണ് കറുവപ്പട്ട. നമ്മള്‍ ബിരിയാണിയിലും ഫ്രൈഡ് റൈസിലുമാണ് കറുവപ്പട്ട കൂടുതലായി ഉപയോഗിക്കുന്നത്.മീന്‍ കറിയില്‍ കൂടി കറുവപ്പട്ട പരീക്ഷിക്കാവുന്നതാണ്. വെളുത്തുള്ളി
കൂട്ടത്തില്‍ രാജാവ് എന്ന് വേണമെങ്കില്‍ പറയാം. അത്രയേറെ ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. അള്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ശരീരത്തിനാവശ്യമായ ആന്റി- ഓക്‌സിഡന്റുകളെ ഉദ്പാദിപ്പിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. നെഞ്ചെരിച്ചില്‍ തടയും. രക്തത്തിലെ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കട്ടപിടിക്കുന്നതും രക്തധമനികളില്‍ മാലിന്യങ്ങള്‍ അടിയുന്നതും തടയും. രക്തസമ്മര്‍ദം കുറയ്ക്കും. ഹൃദയാഘാതം മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് മുറിവുണ്ടാകുവാനുള്ള സാധ്യത കുറയ്ക്കും. ബീറ്റ- അമിലോയിഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനെ ചെറുക്കും. കോശമരണത്തില്‍ നിന്ന് ന്യൂറോണുകളെ സംരക്ഷിക്കും. ഓര്‍മശക്തി വര്‍ധിപ്പിക്കും. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളില്‍ ചിലത് മാത്രമാണിത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ഥം സള്‍ഫെനിക് ആസിഡ് എന്ന ആന്റി ഓക്‌സിഡന്റ് ഉദ്പാദിപ്പിക്കും. കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ആന്റി -ഓക്‌സിഡന്റുകള്‍ പരിഹരിക്കും. ഇത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. മസ്തിഷ്‌കത്തിന്റെ ഉണര്‍വിനും ബുദ്ധിവികാസത്തിനും ഏറ്റവും ഉത്തമമാണ് വെളുത്തുള്ളി. അപ്പോള്‍ ഇനി മുതല്‍ ദൈനം ദിന ഭക്ഷണത്തില്‍ വെളുത്തുള്ളിയെ കര്‍ശനമായും ഉള്‍പ്പെടുത്താം അല്ലേ? വെളുത്തുള്ളി അച്ചാറിട്ട് കഴിച്ചാലോ? ബഹുകേമം എന്നാ ഒരു രുചി ആഹ....
ഗ്രാമ്പൂ
ഹൃദ്രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന സംയുക്തം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കട്ടപിടിക്കുന്നത് ഒഴിവാക്കും. ഗ്രാമ്പൂവിനെ നിത്യഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. ഇതിനു പുറമേ പ്രകൃതി ദത്ത ആന്റി - ഓക്‌സിഡന്റുകളുടെ വലിയൊരു കലവറ കൂടിയാണ് ഗ്രാമ്പൂ എന്ന ഇത്തിരിക്കുഞ്ഞന്‍ സുഗന്ധവ്യഞ്ജനം. മറ്റ് ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന വിഷാംശം മൂലം ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം ഒരു പരിധിവരെ കുറയ്ക്കാനും ഗ്രാമ്പുവിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് ബിരിയാണിയിലും ഫ്രൈഡ് റൈസിലും രൂചിക്കൂട്ടിനായി ചേര്‍ക്കുന്ന ഗ്രാമ്പുവിനെ ഇനിയെങ്കിലും ഔഷധമെന്ന പരിഗണന നല്‍കാം അല്ലേ? ഗ്രാമ്പുവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്."
No comments:
Post a Comment