Monday, June 1, 2015

കര്‍ണരോഗങ്ങള്‍ കരുതിയിരിക്കുക

മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും. കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം
കേള്‍വിയെ തകര്‍ക്കുന്ന നിരവധി കര്‍ണരോഗങ്ങളുണ്ട്‌. അശ്രദ്ധമായ ജീവിതശൈലി തന്നെയാണ്‌ ഇത്തരം തകരാറുകള്‍ക്ക്‌ കാരണം. കേള്‍വി എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ കര്‍ണസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും.
കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം. യഥാസമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നാല്‍ ചിലപ്പോള്‍ കേള്‍വിശക്‌തിയെ അത്‌ സാരമായി ബാധിച്ചേക്കാം.

ചെവി ഒലിപ്പ്‌

കര്‍ണശൂല എന്നുപറയുന്ന അസുഖമാണിത്‌. പ്രായപൂര്‍ത്തിയായവരിലാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. കുട്ടികളില്‍ ചെവിയില്‍ പഴുപ്പും പിന്നീടിത്‌ പൊട്ടി പുറത്തേക്കൊലിക്കുകയും ചെയ്യുന്ന അവസ്‌ഥ കാണാറുണ്ട്‌. ചെവിയിലെ പാടപൊട്ടിയാണ്‌ പഴുപ്പ്‌ പുറത്തേക്കൊലിക്കുന്നത്‌. പൊട്ടിയ പാട ചികിത്സ കൂടാതെതന്നെ ശരിയായിക്കൊള്ളും. എന്നാല്‍ ഇതിന്‌ പഴയതിന്റെ അത്ര ഗുണനിലവാരം ഉണ്ടാകില്ല.
മൂന്നാവരണങ്ങളാണ്‌ പാടയ്‌ക്കുള്ളത്‌. എന്നാല്‍ പൊട്ടികഴിഞ്ഞാല്‍ രണ്ടാവരണങ്ങളേ കാണുകയുള്ളൂ. അതിനാല്‍ കേള്‍വി ശക്‌തി കുറയാം.
ചെവി ഒലിപ്പിനെ രണ്ടായി തിരിക്കാം. ഗുരുതരമായതും ഗുതരമല്ലാത്തതും.
ചെവി ഒലിപ്പ്‌ വലിയ പ്രശ്‌നകാരിയല്ല എന്നുകരുതിയവര്‍ക്ക്‌ തെറ്റി. ചെവി ഒലിപ്പു കണ്ടാല്‍ ഉടനെ ഡോക്‌ടറെ കണ്ട്‌ ചികിത്സ നടത്തുക. തലകറക്കം, നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റുക, തലച്ചോറിലേക്കും രക്‌തത്തിലേക്കും പഴുപ്പ്‌ കയറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ചെവിയില്‍ പഴുപ്പുണ്ടോ എന്നു പരിശോധിപ്പിക്കുക. ഗുരുതരമാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമാണ്‌. ശസ്‌ത്രക്രിയ കഴിഞ്ഞാലും മൂന്നുമാസമാകുമ്പോള്‍ ചെവി വൃത്തിയാക്കണം. ആറുമാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തുക.

ഫംഗസ്‌ ബാധ

അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതു മൂലമാണ്‌ ഫംഗസ്‌ ബാധ ഉണ്ടാകുന്നത്‌.
ഗ്രാമങ്ങളിലെ പൊതു കുളത്തിലും, തോട്ടിലും, മലിനമായ പൈപ്പു വെള്ളത്തിലും കുളിക്കുന്നവരില്‍ ചെവിയില്‍ കൂടുതലായി ഫംഗസ്‌ ബാധ ഉണ്ടാകുന്നു. ചെവിയിലെ ഈര്‍പ്പവും, ചെറിയ ചൂടും ഫംഗസിന്‌ കാരണമാകും. ചെവി വേദനയാണ്‌ ഇതിന്റെ ലക്ഷണം. ചെവി വൃത്തിയാക്കുകയും, ഫംഗസിനുള്ള തുള്ളിമരുന്നൊഴിക്കുകയുമാണ്‌ ഇതിനുള്ള പ്രതിവിധി.

എല്ലിന്റെ തകരാറ്‌

മധ്യകര്‍ണത്തിലുള്ള മൂന്നു ചെറിയ എല്ലുകളില്‍ ഏറ്റവും ചെറിയ 'സ്‌റ്റെപിസ്‌' ചലിക്കുമ്പോഴാണ്‌ ശബ്‌ദം കേള്‍ക്കുന്നത്‌. ഈ അസ്‌ഥിക്കു ചുറ്റും ചെറിയ വളര്‍ച്ചയുണ്ടായി ചലനശേഷി നഷ്‌ടപ്പെടുമ്പോഴാണ്‌ മധ്യവയസ്‌കരില്‍ കേള്‍വിശക്‌തി കുറയുന്നത്‌.'സ്‌റ്റെപിഡക്‌ടമി' എന്നറിയപ്പെടുന്ന ശസ്‌ത്രക്രിയയിലൂടെ ഇത്‌ പരിഹരിക്കാനാകും. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ശസ്‌ത്രക്രിയയാണിത്‌.
ശസ്‌ത്രക്രിയ സമയത്ത്‌ അസ്‌ഥിക്ക്‌ അടുത്തുകൂടി പോകുന്ന നാഡി മുറിഞ്ഞാല്‍ കേള്‍വി പൂര്‍ണമായി നഷ്‌ടപ്പെടാന്‍ കാരണമാകും. സ്‌റ്റെപിസ്‌ അസ്‌ഥിയില്‍ ഒരു ദ്വാരമിട്ട്‌ ചെറിയ ഒരു കമ്പി (പിസ്‌റ്റണ്‍) കയറ്റി മറ്റൊരു അസ്‌ഥിയായ 'ഇന്‍കസു'മായി ഘടിപ്പിക്കുകയാണ്‌ ശസ്‌ത്രക്രിയയിലൂടെ ചെയ്യുന്നത്‌.

ചര്‍മ്മ വരള്‍ച്ച

മൂക്കിനടിയില്‍ തുറക്കുന്ന ട്യൂബിലൂടെ ചെവിക്കുള്ളില്‍ വായു എത്തിയാല്‍ മാത്രമേ ചര്‍മ്മപാളിക്ക്‌ അകത്തെ വായുസമ്മര്‍ദ്ദം പുറത്തേതിന്‌ തുല്യമാവുകയുള്ളൂ. ജലദോഷമോ, അലര്‍ജിയോ ഉണ്ടായാല്‍ മധ്യകര്‍ണത്തിലെ ചര്‍മ്മപാളി അകത്തേക്കു വളഞ്ഞ്‌ അണുബാധയുണ്ടാകുന്നു. ചെവിയില്‍നിന്നുള്ള ഒലിപ്പാണ്‌ ഇതിന്റെ ലക്ഷണം. രാത്രികാലങ്ങളില്‍ ചെവിവേദന അനുഭവപ്പെടും. സ്‌കാന്‍ ചെയ്‌താല്‍ ചര്‍മ്മത്തിലെ വീര്‍പ്പ്‌ അറിയാന്‍ കഴിയും. ചെവിയില്‍ തുള്ളി മരുന്നൊഴിക്കുക. ഒപ്പം ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക്‌ ഗുളികകളും കഴിക്കുക. അണുബാധ മാറിയാല്‍ ചര്‍മ്മത്തിലെ വീര്‍പ്പും മാറിക്കൊള്ളും.

മുഖം കോടല്‍

സാധാരണ പക്ഷാഘാതം മൂലം മുഖം കോടിപ്പോകാറുണ്ട്‌. എന്നാല്‍ ചെവിക്കുള്ളില്‍ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാലും ഇത്‌ സംഭവിക്കാം. ചലനശേഷി നിയന്ത്രിക്കുന്ന നാഡി കടന്നുപോകുന്നതു ചെവിക്കുള്ളിലൂടെയാണ്‌. ഈ നാഡിക്ക്‌ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാല്‍ മുഖം കോടിപ്പോകുന്നു.
ചെവിക്കുള്ളിലുണ്ടാകുന്ന പരുക്ക്‌, മുഴ എന്നിവ യഥാസമയം ചികിത്സിച്ചില്ല എങ്കില്‍ നാഡികളെ തളര്‍ത്തി മുഖത്തിന്‌ കോട്ടമുണ്ടാകാം. മരുന്നുകഴിച്ചാല്‍ മാറുന്നതാണെങ്കിലും ചില മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ മാറ്റേണ്ടതായിവരും. നല്ലൊരു ഇ.എന്‍.ടി ഡോക്‌ടറെ കാണിച്ചാല്‍ ഇതറിയാന്‍ കഴിയും.

ചെവിക്കായം നിറഞ്ഞാല്‍

പ്രാണികളില്‍ നിന്നും ചെവിക്ക്‌ സംരക്ഷണം ലഭിക്കണമെങ്കില്‍ ചെവിക്കായം ആവശ്യമാണ്‌. എന്നാല്‍ ചെവിക്കായം കുമിഞ്ഞുകൂടിയാല്‍ ചെവിവേദനയുണ്ടാകും. ബാഹ്യകര്‍ണത്തില്‍ കട്ടപിടിച്ച്‌ കല്ലുപോലെ ചെവിക്കായമിരിക്കും. ഇത്‌ ചെവിവേദനയുണ്ടാക്കുകയും ഒപ്പം കേള്‍വി ശക്‌തി കുറയ്‌ക്കുകയും ചെയ്യും. കട്ടപിടിച്ച ചെവിക്കായം സ്വയം എടുത്തുകളയരുത്‌.
ചില തുള്ളിമരുന്നുകള്‍ ഒഴിച്ചാല്‍ അത്‌ അലിഞ്ഞു കിട്ടും. ഇത്‌ കുറച്ചു ദിവസമൊഴിക്കുമ്പോള്‍ വേദന കുറയും. കുറഞ്ഞില്ല എങ്കില്‍ ഡോക്‌ടറെ കാണുക. കുട്ടികളിലാണ്‌ ഈ പ്രശ്‌നമെങ്കില്‍ ഡോക്‌ടറെ കാണിക്കുന്നതായിരിക്കും ഉചിതം. നമ്മള്‍ തന്നെ ചെവിക്കായം എടുക്കാന്‍ ശ്രമിക്കുകയോ, മരുന്നൊഴിക്കുകയോ ചെയ്യരുത്‌.

No comments:

Post a Comment