Friday, September 18, 2015

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്.

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. ഇന്ന് ഇന്ത്യ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെല്ലാം പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പല രീതിയിലാണ് ബാധിക്കുക. ഗുരുതരമാകുമ്പോള്‍ ഹൃദയം, കണ്ണുകള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ പ്രമേഹത്തിന് സാധിക്കും. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താനാകും. ഓരോ പ്രമേഹ രോഗികളുടെ വീട്ടിലും ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒരു സസ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത് മറ്റൊന്നുമല്ല, കറ്റാര്‍ വാഴയാണ്. 

ഏറെ ഔഷധഗുണങ്ങളുള്ള കറ്റാര്‍ വാഴക്ക് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള അത്ഭുതസിദ്ധിയുള്ളതായി ആയുര്‍വേദത്തിലും മറ്റും പ്രതിപാദിക്കുന്നുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് അനിയന്ത്രിതമായി ഉയരുന്ന രോഗികളില്‍ പഞ്ചസാരയുടെ ഘടനയില്‍ മാറ്റംവരുത്തി അത് നിയന്ത്രിക്കാന്‍ കറ്റാര്‍ വാഴയ്ക്ക് സാധിക്കും. കൃത്യമായ ആഹാരശീലത്തിനും മരുന്നുകള്‍ക്കുമൊപ്പം കറ്റാര്‍വാഴയുടെ ഇല കൂടി ശീലമാക്കിയാല്‍ പ്രമേഹം നന്നായി നിയന്ത്രിക്കാനാകുമെന്നാണ് ആയൂര്‍വേദത്തിലെ വിദഗ്ദ്ധര്‍ പറയുന്നത്. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോസ്റ്റെറോള്‍ ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകളാണ് ഇതിന്റെ ഔഷധഗുണത്തിന് കാരണമാകുന്നത്. 

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും വൃക്ക, കരള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കറ്റാര്‍വാഴ ഉത്തമമാണ്.

Tuesday, September 15, 2015

എന്താണ് അലർജി? അലർജി ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം?

അലര്‍ജി നമ്മളില്‍ പലര്‍ക്കും ഉണ്ടായിരിക്കും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും. തുമ്മല്‍, തലവേദന തുടങ്ങി പല രീതികളിലൂടെയാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്.  സാധാരണഗതിയില്‍ അലര്‍ജി അത്ര ഉപദ്രവകാരിയല്ല. എന്നാല്‍ ചിലപ്പോഴൊക്കെ സ്വാഭാവികജീവിതത്തെ സ്വാധീനിക്കുന്ന വിധത്തില്‍ അലര്‍ജി വില്ലനാകും. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുകയും അലര്‍ജി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

അലര്‍ജി വാസ്തവത്തില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ലളിതമായി പറഞ്ഞാല്‍ ശരീരത്തിന്റെ അമിത പ്രതികരണമാണ് അലര്‍ജി. ചില പദാര്‍ത്ഥങ്ങള്‍ ദോഷകരമാണെന്ന്് ശരീരം തീരുമാനിക്കുകയും അവയ്‌ക്കെതിരെ തീവ്രമായി പ്രതികരിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് അലര്‍ജി എന്ന് നമ്മള്‍ പറയുന്നത്.

ഇത് പല രീതിയിലും പ്രത്യക്ഷപ്പെടാം. തുമ്മലോ തലവേദനയോ ചൊറിച്ചിലോ മുതല്‍ മാരകമായ അനാഫിലാക്‌സിസ് എന്ന രോഗാവസ്ഥ വരെയാകാം.

ഇങ്ങനെ അലര്‍ജിയ്ക്ക് കാരണമാകുന്ന വസ്തുക്കളെ അലര്‍ജന്റ്്‌സ് എന്നാണ് പറയുക.

വൈറസ്, ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുമ്പോഴാണ് സാധാരണയായി നമുക്ക് രോഗങ്ങള്‍ വരുന്നത്. ദോഷകരമെന്ന് ശരീരം കരുതുന്ന ഏതു വസ്തുവുമായി ബന്ധപ്പെടുമ്പോഴും ശരീരത്തിലെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇവ അലര്‍ജന്റ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു.

ഇങ്ങനെ അലര്‍ജന്റ്‌സും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില രാസവസ്തുക്കളും സൃഷ്ടിക്കപ്പെടും. ഇവയാണ് മീഡിയേറ്റേഴ്‌സ്. ഇവയാണ് ശരീരത്തില്‍ തടിപ്പ് പോലെ കാണുന്ന അലര്‍ജിലക്ഷണങ്ങള്‍ക്ക് കാരണം.

അലര്‍ജിയുണ്ടാകുന്നത് എങ്ങനെയെന്ന് ഇനി പരിശോധിക്കാം.

അലര്‍ജന്റ്‌സിന്റെ സാന്നിധ്യത്തില്‍ ശരീരം ആന്റിബോഡീസ് ഉല്‍പാദിപ്പിക്കുമെന്ന് പറഞ്ഞല്ലോ. ഓരോ ആന്റിജന്‍സ് അല്ലെങ്കില്‍ അലര്‍ജന്റ്‌സിന് വേണ്ടിയും ശരീരം ഓരോ തരം ആന്റിബോഡിയാണ് ഉല്‍പാദിപ്പിക്കുന്നത്.

ഇതിനെ കൈകാര്യം ചെയ്യാന്‍ ശരീരം തയ്യാറെടുത്തിട്ടുണ്ടാവും. അലര്‍ജന്റ്‌സിനെ തിരിച്ചറിയുമ്പോള്‍ തന്നെ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും. അലര്‍ജി എന്ന അവസ്ഥയ്ക്ക് കാരണം ഇതാണ്.

അലര്‍ജിയുടെ പ്രധാനകാരണങ്ങള്‍

അലര്‍ജിയ്ക്ക് പല കാരണങ്ങളുമുണ്ട്.  അതില്‍ പ്രധാനം പാരമ്പര്യം തന്നെയാണ്.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്കും അലര്‍ജിയുണ്ടാകാന്‍ 50 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 75 ശതമാനമാണ്.

പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

മാറിയ ജീവിതശൈലികളും സാഹചര്യങ്ങളും അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ജങ്ക് ഫുഡിന്റെയും മായം കലര്‍ന്ന ഭക്ഷണത്തിന്റെയും ഉപയോഗം  അലര്‍ജിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല ഭക്ഷണങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്.

ചെറിയ പ്രായത്തില്‍ അമിതമായി ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരുന്നവരില്‍ അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജനിച്ച ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വന്നവരില്‍ അലര്‍ജി വരാനുള്ള സാധ്യത അമ്പതു ശതമാനത്തിലധികമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴും അലര്‍ജി വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതല്‍ നിയന്ത്രിക്കുക, ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവ്, അമിതമായ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെയാണ്. അപ്പോഴും അലര്‍ജിയ്ക്ക് സാധ്യത വര്‍ദ്ധിക്കും.

ആഗോളതാപനവും അലര്‍ജിസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനങ്ങളില്‍ തെളിയുന്നു. ഉയര്‍ന്ന താപനിലയും അപ്രതീക്ഷിത മഴയുമാണ് പ്രധാന കാരണങ്ങള്‍.

അലര്‍ജി കണ്ടെത്താന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്നറിയേണ്ടതും അത്യാവശ്യമാണ്.

ഇതിനായി ഇന്ന് പലവിധ ടെസ്റ്റുകളുമുണ്ട്. ഏതൊക്കെ വസ്തുക്കളോടാണഅ ശരീരം അമിതമായി പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകളാണ് അലര്‍ജി സ്‌കിന്‍ ടെസ്റ്റ്. രക്തപരിശോധനയിലൂടെയും അലര്‍ജന്റ്‌സിനെ കണ്ടെത്താം. എന്നാല്‍ സ്‌കിന്‍ ടെസ്റ്റിന്റെ അത്ര കൃത്യമാവില്ല ഇത്.

തൊലിപ്പുറത്തുള്ള അലര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്‌കിന്‍ പാച്ച് ടെസ്റ്റ് സഹായിക്കും.

അലര്‍ജി ഒഴിവാക്കാന്‍ എന്തു ചെയ്യണം?

അലര്‍ജി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് വഴി. എങ്കിലും ചില കാര്യങ്ങളില്‍ കരുതലെടുക്കാം

1. കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.
2. പൊടി അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പ്പറ്റ്, ചവിട്ടുമെത്ത എന്നിവ വൃത്തിയായി സൂക്ഷിക്കുക
3. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കുകയും പൊടി ശ്വസിക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
4. ബാത്‌റൂം പോലെ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.
5. കൃത്രിമഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രകൃതിദത്ത ആഹാരങ്ങള്‍ ശീലമാക്കുക.
6. അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.
7. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുക.
8. സിഗററ്റ് പുക ശ്വസിക്കരുത്. പുകയിലുള്ള ടോക്‌സിക് കെമിക്കല്‍സ് അലര്‍ജി വര്‍ദ്ധിപ്പിക്കും.


Monday, September 7, 2015

ശ്വാസകോശം വൃത്തിയാക്കാന്‍ ഒറ്റമൂലി

കവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്.ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി.ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഒറ്റമൂലി എളുപ്പത്തില്‍ ഉണ്ടാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താം.
ആവശ്യമായ സാധനങ്ങള്‍
400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലിക്ക് ആവശ്യം.
തയ്യാറാക്കുന്ന വിധം  ;
ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കാം.